ഇന്ത്യക്കാരെ സ്റ്റുഡന്‍റ് വിസയിലെത്തിച്ച്‌ അതിര്‍ത്തി കടത്തല്‍; റാക്കറ്റില്‍ കാനഡയിലെ 260 കോളജുകള്‍, കണ്ടെത്തലുമായി ഇഡി

  • 26/12/2024

കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്‍റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിർത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വർഷം മുമ്ബ് ഒരു കുടുംബത്തിലെ നാല് പേർ യുഎസ്-കാനഡ അതിർത്തിയില്‍ കൊടും തണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തല്‍. 

2022 ജനുവരി 19 ന് ഗുജറാത്ത് സ്വദേശിയായ ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി (35), മകള്‍ (11), മകൻ (3) എന്നിവരാണ് മാനിറ്റോബയിലെ യുഎസ് - കാനഡ അതിർത്തിയില്‍ കൊടുംതണുപ്പില്‍ മരിച്ചത്. യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുമ്ബോഴായിരുന്നു മരണം. -37 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മഞ്ഞുവീഴ്ചയ്‌ക്കിടെ മനുഷ്യക്കടത്തുകാർ കുടുംബത്തെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

തുടർന്ന് ഏജന്‍റുമാർക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിലാണ് കാനഡയിലെ 260 കോളേജുകള്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച്‌ വിവരം ലഭിച്ചത്. സ്റ്റുഡന്‍റ് വിസ കിട്ടാനും കാനഡയില്‍ എത്താനുമായി ഏകദേശം 50-60 ലക്ഷം രൂപയാണ് ഏജന്‍റുമാർ വാങ്ങുന്നത്. എന്നിട്ട് ഈ വിദ്യാർത്ഥികളെ അമേരിക്കയിലേക്ക് അനധികൃതമായി എത്തിക്കാൻ കനേഡിയൻ കോളേജുകള്‍ എത്ര പണം കൈപ്പറ്റി എന്നതിനെ കുറിച്ച്‌ അന്വേഷണം നടക്കുകയാണ്. 

Related News