അദാനിക്ക് വീണ്ടും തിരിച്ചടി; സ്മാര്‍ട്ട് മീറ്റര്‍ കരാര്‍ റദ്ദാക്കി തമിഴ്നാട്

  • 01/01/2025

അദാനി ഗ്രൂപ്പുമായുള്ള വിവാദങ്ങള്‍ക്കിടെ സ്മാർട്ട് മീറ്റർ വാങ്ങാനുള്ള കരാർ റദ്ദാക്കി തമിഴ്നാട് സർക്കാർ. തമിഴ്നാട് സർക്കാരിെൻറ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷേൻ കോർപറേഷനും (ടാൻജെഡ്കോ) അദാനി എനർജി സൊല്യൂഷൻസും തമ്മിലായിരുന്നു കരാർ. തുക അധികമാണെന്ന് പറഞ്ഞാണ് കരാർ റദ്ദാക്കിയത്. 2023 ആഗസ്റ്റില്‍ വിളിച്ച നാല് ടെൻഡറുകളും റദ്ദാക്കിയിട്ടുണ്ട്. 

ആഗോള ടെൻഡറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണ് കരാർ നല്‍കിയിരുന്നത്. എന്നാല്‍, സ്മാർട്ട് മീറ്ററിനായുള്ള ബോർഡിെൻറ നീക്കിയിരിപ്പിനേക്കാള്‍ ഉയർന്ന തുകയാണ് കരാറിലേത്. അതു കുറയ്ക്കാനുള്ള ചർച്ചകള്‍ വിഫലമായെന്ന് ടാൻജെഡ്കോ അധികൃതർ വ്യക്തമാക്കി.

കേന്ദ്ര ധനസഹായത്തോടെ 19,000 കോടി രൂപയുടെ നവീകരിച്ച വിതരണ മേഖല പദ്ധതി (ആർഡിഎസ്‌എസ്) പ്രകാരം 8.2 ദശലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കാനായിരുന്നു കരാർ. കാർഷിക കണക്ഷനുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ വൈദ്യുതി കണക്ഷനുകള്‍ക്കും സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വിവിധ കരാറുകള്‍ നേടിയെടുക്കാനായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച്‌ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കടക്കം അമേരിക്കൻ കോടതി കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഡിഎംകെ സർക്കാരിെൻറ നടപടി. 

Related News