ബസ് യാത്രക്കിടെ മൂട്ട കടിച്ചു; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

  • 01/01/2025

ബസ് യാത്രക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിന് യാത്രക്കാരിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനി ദീപിക സുവര്‍ണയ്ക്കാണ് 1.29 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. കന്നഡ നടന്‍ ശോഭരാജ് പാവൂരിന്‍റെ ഭാര്യയാണ് ദീപിക. 

മംഗളൂരുവിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയ്ക്കിടെയാണ് സുവര്‍ണക്ക് മൂട്ട കടിയേറ്റത്. യാത്രക്കാരിക്കുണ്ടായ മാനസിക ക്ലേശം, ബുദ്ധിമുട്ട്, സാമ്ബത്തിക നഷ്ടം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരം നല്‍കാന്‍ ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ കമ്മീഷൻ സ്വകാര്യ ബസ് ഓപ്പറേറ്ററോടും ബുക്കിംഗ് ഏജൻ്റിനോടും ഉത്തരവിട്ടത്. മംഗളൂരുവിലെ അലപെ ഗ്രാമവാസിയായ ദീപിക 2022 ആഗസ്ത് 16നാണ് മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ഓണ്‍ലൈൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ബുക്കിംഗ് സമയത്ത് മികച്ച ഗുണനിലവാരമുള്ള സേവനം നല്‍കുമെന്ന് യുവതിക്ക് ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ വൃത്തിഹീനമായ സീറ്റുകളും അസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുമാണ് ബസില്‍ കയറിയപ്പോള്‍ കണ്ടത്. ഇതേക്കുറിച്ച്‌ ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ മൂട്ട ശല്യവും തുടങ്ങി. രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. സ്ലീപ്പർ കോച്ചിലെ മൂട്ട കടി കാരണം യുവതിയുടെ കയ്യിലും കഴുത്തിലും ശരീരത്തിലും പാടുകളും നീര്‍വീക്കവും ഉണ്ടായതായി കമ്മീഷന്‍റെ ശ്രദ്ധയില്‍ പെട്ടു.

ആ സമയത്ത് ദീപികയും ശോഭരാജും ഒരു കന്നഡ ടിവി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളായിരുന്നു. ഇതില്‍ പങ്കെടുക്കാനായിരുന്നു ദീപിക ബെംഗളൂരുവിലേക്ക് പോയത്. എന്നാല്‍ നീർവീക്കവും ശരീരത്തിനേറ്റ ക്ഷതവും കാരണം അലർജി കുറയാൻ 15 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചു. അതിനാല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇതുമൂലം ദമ്ബതികളെ ഷോയില്‍ നിന്ന് പുറത്താക്കുകയും പ്രതിഫലം നഷ്ടപ്പെടുകയും ചെയ്തു. എതിർകക്ഷികളില്‍ നിന്നുള്ള അശ്രദ്ധ ദമ്ബതികള്‍ക്ക് വലിയ സാമ്ബത്തിക നഷ്ടം വരുത്തിയെന്ന് മാത്രമല്ല അവരുടെ സല്‍പേരിനെയും ബാധിച്ചതായി കമ്മീഷന്‍ വിലയിരുത്തി.

Related News