മൂന്ന് വർഷവും എൻജിനിയറിംഗ് പരീക്ഷയില്‍ പരാജയപ്പെട്ടതിന് മകനെ ശാസിച്ച മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകൻ. അഞ്ച് ദിവസത്തോളം കിടക്കയ്ക്ക് കീഴില്‍ സൂക്ഷിച്ച മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ അഴുകി ദുർഗന്ധം സമീപ വീടുകളിലേക്ക് എത്തിയതോടെയാണ് ക്രൂരകൃത്യം പുറംലോകം അറിയുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് 21കാരൻ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ ഉത്കർഷ് ഡാക്കോളേയെ സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു.
പഠനത്തില്‍ പിന്നിലായിരുന്ന ഉത്കർഷ് എൻജിനിയറിംഗ് പരീക്ഷയില്‍ മൂന്ന് വർഷവും ചില വിഷയങ്ങളില്‍ തോറ്റിരുന്നു. ഇതോടെ ഐടിഐ രംഗത്തേക്ക് പഠനം മാറ്റാനോ അല്ലാത്ത പക്ഷം കുടുംബത്തിന്റെ കൃഷി ഏറ്റെടുക്കാനോ ശ്രമിക്കാൻ മാതാപിതാക്കള്‍ നിരന്തരമായി 21കാരനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ വന്ന പരീക്ഷാ ഫലത്തിലും 21കാരൻ തോറ്റതിന് പിന്നാലെ ഡിസംബർ 25ന് പിതാവ് എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മുഖത്തടിച്ചിരുന്നു. ഡിസംബർ 26ന് പിതാവ് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പുറത്ത് പോവുകയും ഏക സഹോദരി കോളേജില്‍ പോവുകയും ചെയ്ത സമയത്താണ് അമ്മ അരുണയെ 21കാരൻ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ ഏറെ നേരം മൃതദേഹം നോക്കി നിന്ന യുവാവ് പിതാവിനേയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം മാതാപിതാക്കള്‍ ബെംഗളൂരുവില്‍ ഒരു ധ്യാന പരിപാടിക്ക് പോയെന്ന് വിശദമാക്കി സഹോദരിയ്ക്കൊപ്പം ബന്ധുവീട്ടില്‍ പോവുകയായിരുന്നു 21കാരൻ ചെയ്തത്. ജനുവരി 1ന് ഒറ്റനില വീടിനുള്ളില്‍ നിന്ന് ദുർഗന്ധം സമീപ വീടുകളിലേക്ക് പടർന്നതിന് പിന്നാലെ അയല്‍വീട്ടുകാർ വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നാഗ്പൂരിലെ കാംപ്ടി റോഡിലെ വസതിയില്‍ നിന്നാണ് കോരാഡി തെർമല്‍ പവർ സ്റ്റേഷൻ ജീവനക്കാരൻ ലീലാധറിനേയും ഭാര്യയ അരുണയുടേയും അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. പരിശോധനയ്ക്ക് ഇടയില്‍ ലീലാധറിന്റെ ഫോണില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെങ്കിലും വീടും മുറികളും പുറത്ത് നിന്ന് പൂട്ടിയ നിലയിലായതാണ് പൊലീസിന് സംഭവത്തില്‍ സംശയമുണ്ടാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?