ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്, കാഴ്ചാപരിധി പൂജ്യം; ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്, 30 വിമാനം റദ്ദാക്കി; ട്രെയിൻ സര്‍വീസും താറുമാറായി

  • 04/01/2025

ഉത്തരേന്ത്യയില്‍ അതിശൈത്യം അതിരൂക്ഷമായി തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കനത്ത പുകമഞ്ഞ് വ്യോമ-റെയില്‍ ഗതാഗതങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കാഴ്ച പരിധി പൂജ്യമായി. 

മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി പൂജ്യമായതോടെ, 30 ഓളം വിമാന സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. 400 ഓളം വിമാനങ്ങള്‍ വൈകിയതായും, നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ പുലര്‍ച്ചെ 12 നും 1. 30 നും ഇടയില്‍ മാത്രം 19 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

ഇതില്‍ 13 ആഭ്യന്തര സര്‍വീസുകളും നാല് അന്താരാഷ്ട്ര സര്‍വീസുകളും ഉള്‍പ്പെടുന്നു. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ഡല്‍ഹിയില്‍ വായുമലിനീകരണവും രൂക്ഷമാണ്. 378 ആണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്നലെ വായുമലിനീകരണസൂചികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Related News