'അഭയം നല്‍കിയതായി വ്യാഖ്യാനിക്കരുത്'; ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി ഇന്ത്യ

  • 08/01/2025

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ തങ്ങുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടിയതായി റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് വിസ കാലാവധി നീട്ടിയിരിക്കുന്നത്. 

വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 5ന് ധാക്കയില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയെന്ന അവകാശ വാദത്തെ ഇന്ത്യ നിരാകരിച്ചു. അഭയം നല്‍കുന്നതിന് ഇന്ത്യയില്‍ നിയമങ്ങള്‍ ഇല്ലെന്നും അവരുടെ വിസ കാലാവധി നീട്ടി നല്‍കിയതിനെ അഭയം നല്‍കുന്നതിനുള്ള നീക്കമായി വ്യാഖ്യാനിക്കരുതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

വിസ കാലാവധി നീട്ടിയത് സാങ്കേതികം മാത്രമാണ്. ഡല്‍ഹിയില്‍ കര്‍ശന സുരക്ഷയിലാണ് കഴിയുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 23ന് ഹസീനയെ കൈമാറണമെന്നാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 2024ലെ പ്രതിഷേധത്തിനിടെ 500 ലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമ സംഭവങ്ങളില്‍ ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

Related News