ക്രിസ്മസിന് ജയില്‍ കേക്കിന് ബള്‍ക്ക് ഓര്‍ഡര്‍, കണ്ണുവെട്ടിച്ച്‌ എസൻസ് അമിതമായി കുടിച്ച്‌ മൂന്ന് തടവുകാര്‍ മരിച്ചു

  • 09/01/2025

ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കേക്കില്‍ ചേർക്കേണ്ട എസൻസ് അമിത അളവില്‍ കുടിച്ച്‌ മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തടവുകാരാണ് മരിച്ചത്. ഗുണ്ടില്‍ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗല്‍ സ്വദേശി നാഗരാജ (32), സകലേഷ്പൂർ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. 

മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറിയില്‍ ക്രിസ്തുമസിന് ലഭിച്ച ബള്‍ക്ക് ഓർഡർ തയ്യാറാക്കുന്നതിന് വാങ്ങിയ എസൻസാണ് ഇവർ കുടിച്ചത്. ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നതായി ഇവർ പരാതിപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സകള്‍ ജയിലില്‍ തന്നെ നല്‍കിയ ശേഷം കെ ആർ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കേക്ക് എസൻസ് രഹസ്യമായി കഴിച്ച കാര്യം ഇവർ ആരോടും പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ആശുപത്രിയില്‍ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവർ കേക്ക് എസൻസ് അമിത അളവില്‍ കഴിച്ച കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ ചികിത്സയില്‍ മാറ്റം വരുത്തിയെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. തിങ്കളാഴ്ച മദേശയും ചൊവ്വാഴ്ച നാഗരാജയും രമേശ് ബുധനാഴ്ചയുമാണ് മരിച്ചത്. സംഭവത്തില്‍ മണ്ഡി പൊലീസ് കേസ് എടുത്തു. 

Related News