മഹാ കുംഭമേള 2025; തത്സമയ വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കുംഭവാണി എഫ് എം അവതരിപ്പിച്ച്‌ ആകാശവാണി

  • 11/01/2025

മഹാ കുംഭമേളയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പ്രത്യേക എഫ് എം ചാനല്‍ അവതരിപ്പിച്ച്‌ ആകാശവാണി. കുംഭവാണി എന്ന പേരിലാണ് എഫ് എം ചാനല്‍ ആരംഭിച്ചിരിക്കുന്നത്. 103.5 MHz ഫ്രീക്വൻസിയിലാണ് എഫ് എം ചാനല്‍ പ്രക്ഷേപണം ചെയ്യുക. ജനുവരി 10 മുതല്‍ ഫെബ്രുവരി 26 വരെ ദിവസവും രാവിലെ 5:55 മുതല്‍ രാത്രി 10:05 വരെയാണ് പ്രക്ഷേപണം. വെള്ളിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കുംഭവാണി എഫ് എം ഉദ്ഘാടനം ചെയ്തത്. 

മഹാ കുംഭമേളയ്ക്ക് എത്താൻ കഴിയാത്തവരിലേക്ക് കുംഭവാണി എത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രത്യേക എഫ് എം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പ്രസാർ ഭാരതിയോടും യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു. കുംഭമേളയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിട്ടും അതിന് സാധിക്കത്തവർക്ക് കുംഭവാണിയിലൂടെ വിവരങ്ങള്‍ മനസിലാക്കാൻ സാധിക്കുമെന്നും എല്ലാ വിവരങ്ങളും വിദൂര ഗ്രാമങ്ങളിലേക്ക് ഉള്‍പ്പെടെ എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന മാധ്യമമായി കുംഭവാണി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നാടോടി പാരമ്ബര്യങ്ങളോടും സംസ്‌കാരത്തോടും ജനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ മാധ്യമമാണ് ആകാശവാണിയെന്ന് യോഗി പറഞ്ഞു. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ ദൂരദർശൻ ദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വകാര്യ ചാനലുകള്‍ ഉയർന്നുവന്നു. വളർന്നുകൊണ്ടിരിക്കുന്ന മാധ്യമ മേഖലയുമായി പൊരുത്തപ്പെടാൻ പ്രസാർ ഭാരതി ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചു. വിദൂര പ്രദേശങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് 2013ലെയും 2019ലെയും കുംഭമേളകളില്‍ പ്രത്യേക എഫ്‌എം ചാനലായി കുംഭവാണി ആരംഭിച്ചിരുന്നുവെന്നും ഇപ്പോള്‍ വീണ്ടും 2025ല്‍ കുംഭവാണി തിരികെ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News