ലഡാക്ക് മേഖലയിലേക്ക് സുഗമമായ കണക്ടിവിറ്റി; ഇസഡ്-മോര്‍ ടണല്‍ നാളെ തുറക്കും

  • 12/01/2025

ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിച്ച്‌ കൊണ്ടുള്ള ഇസഡ്- മോര്‍ ടണലിന്റെ ഉദ്ഘാടനം നാളെ. ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കാനും വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുക. കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുപ്പ് നടന്ന ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.

ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയില്‍ നിര്‍മ്മിച്ച 6.5 കിലോമീറ്റര്‍ നീളമുള്ള, രണ്ട് വരി റോഡ് തുരങ്കമാണ് ഇസഡ്-മോര്‍ തുരങ്കം. പ്രധാന തുരങ്കത്തിന് 10.8 മീറ്റര്‍ നീളമുണ്ട്. അതില്‍ 7.5 മീറ്റര്‍ നീളമുള്ള കുതിരലാട ആകൃതിയിലുള്ള എസ്‌കേപ്പ് ടണല്‍ ആണ് പ്രത്യേകത. 8.3 മീറ്റര്‍ നീളമുള്ള ഡി ആകൃതിയിലുള്ള വെന്റിലേഷന്‍ ടണല്‍, 110 മീറ്ററും 270 മീറ്ററും നീളമുള്ള പ്രധാന കല്‍വെര്‍ട്ടുകള്‍, 30 മീറ്ററുള്ള ഒരു ചെറിയ കല്‍വെര്‍ട്ട് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ആകൃതി കാരണമാണ് ടണലിന് ഇസഡ്-മോര്‍ എന്ന പേര് ലഭിച്ചത്. ഇസഡ് ആകൃതിയിലാണ് ടണല്‍. ഹിന്ദിയില്‍ തിരിവ് എന്നര്‍ത്ഥത്തിലാണ് മോര്‍ എന്ന പേര് കൂടി ചേര്‍ത്തത്.

Related News