അൻവര്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റേറ്റ് കോഡിനേറ്റര്‍, മമതയുടെ ലക്ഷ്യം കേരളമല്ല, പകരം ബംഗാള്‍ ന്യൂനപക്ഷ വോട്ടുറപ്പിക്കല്‍

  • 13/01/2025

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച മമത ബാനർജി കേരളത്തെക്കാള്‍ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്ക് ഉറപ്പിച്ചു നിറുത്താൻ. കേരളത്തില്‍ പോലും ന്യൂനപക്ഷ നേതാക്കള്‍ തൃണമൂലിലേക്ക് എത്തുന്നുവെന്ന് ബംഗാളിലെ യോഗങ്ങളില്‍ മമത ചൂണ്ടിക്കാട്ടും. മൊഹുവ മൊയിത്രയിലൂടെ മുസ്ലിംലീഗ് നേതൃത്വത്തെ സ്വാധീനിച്ച്‌ അൻവറിന് തന്നെ സീറ്റ് വാങ്ങി നല്‍കാനുള്ള നീക്കം പാർട്ടി നടത്തിയേക്കും.

പിവി അൻവറിനെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പാർട്ടിയില്‍ രണ്ടാമനായ അഭിഷേക് ബാനർജിയാണ് ക്ഷണിച്ചത്. മമത ബാനർജിയുമായി പ്രത്യേ കൂടിക്കാഴ്ച ഉണ്ടായില്ല. പശ്ചിമ ബംഗാളിനപ്പുറം വളരുന്നതിനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ചിലപ്പോഴെങ്കിലും ഫലം കണ്ടത്. ഗോവയില്‍ വലിയ നീക്കങ്ങള്‍ മമത നടതതിയെങ്കിലും പാളി. യുപിയില്‍ അഖിലേഷ് യാദവ് മമതയുടെ പാർട്ടിക്ക് ഒരു സീറ്റ് നല്കാൻ തയ്യാറായി. കേരളത്തില്‍ പി.വി അൻവറിനെ കോഡിനേറ്റർ ആക്കുമ്ബോള്‍ നിയമസഭയില്‍ പാർട്ടിക്ക് ഒരാളെയെങ്കിലും കിട്ടുക എന്നതാണ് പരമാവധി ലക്ഷ്യം.

പശ്ചിമ ബംഗാളിലെ പാർട്ടിയുടെ ന്യൂനപക്ഷ വോട്ടു ബാങ്കിന് ഇത്തവണ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തില്‍ നിന്ന് ഭീഷണി ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവിനെ പാർട്ടിയില്‍ ഇടം നല്കി ബംഗാളിലെ വോട്ടുബാങ്കിന് സന്ദേശം നല്കുക എന്നത് കൂടിയാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചെങ്കിലും മുസ്ലിം ലീഗ് നേതൃത്വവുമായി മൊഹുവ മൊയിത്രയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച്‌ പാർട്ടി യുഡിഎഫിൻറെ ഭാഗമായി മത്സരിക്കാനുള്ള ചർച്ചകള്‍ നടത്തും. 

Related News