പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭർത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മേഡവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജ്യോതിയുടെ ഭർത്താവ് മണികണ്ഠനാണ് അറസ്റ്റിലായിട്ടുള്ളത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഏഴ് വർഷങ്ങള്‍ക്ക് മുൻപ് ഭർത്താവുമായി പിണങ്ങി ജ്യോതിയും മൂന്ന് മക്കളും വേറെയാണ് താമസിച്ചിരുന്നത്. 2009ലായിരുന്നു ഇവർ വിവാഹിതരായത്. ഭർത്താവുമായി അകന്ന് താമസിക്കുന്നതിനിടെ മണികണ്ഠന്റെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി യുവതി അടുത്തു. എന്നാല്‍ വിവാഹ മോചനത്തിന് തയ്യാറാകാതെ യുവതിയോട് തിരികെ വീട്ടിലെത്താൻ മണികണ്ഠൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ ശബരിമലയില്‍ നിന്നുള്ള പ്രസാദം കൊണ്ടുവന്നതായും സ്വീകരിക്കാൻ എത്തണമെന്നും ആവശ്യപ്പെട്ട് മണികണ്ഠൻ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. പള്ളിക്കാരണൈ എന്നയിടത്ത് വച്ച് ഇവർ കണ്ടെങ്കിലും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കൃഷ്ണമൂർത്തിയോടൊപ്പം മണികണ്ഠനോട് സംസാരിക്കാനായി ജ്യോതി തിരികെ എത്തുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു മണികണ്ഠനുണ്ടായിരുന്നത്. ഇരുകൂട്ടരും തമ്മില്‍ തർക്കമുണ്ടായതിന് ഇടയില്‍ മണികണ്ഠൻ കത്തിയെടുത്ത് ജ്യോതിയേയും കൃഷ്ണമൂർത്തിയേയും ആക്രമിക്കുകയായിരുന്നു. നിരവധി തവണ കത്തിയെടുത്ത് ഇയാള്‍ ജ്യോതിയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച കൃഷ്ണമൂർത്തിക്കും വെട്ടേറ്റു. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർ ചേർന്ന് പിടിച്ച് വച്ചതോടെയാണ് മണികണ്ഠനെ പൊലീസിന് അറസ്റ്റ് ചെയ്യാനായത്. പരിക്കേറ്റ കൃഷ്ണമൂർത്തിയേയും ജ്യോതിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണമൂർത്തി ചികിത്സയില്‍ തുടരുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?