കാളപ്പോരിന് ട്രാക്ടറും കാറും സമ്മാനം; ജല്ലിക്കെട്ടാവേശത്തില്‍ തമിഴ്നാട്

  • 14/01/2025

പൊങ്കല്‍ ആഘോഷം ആവേശോജ്വലമാക്കാന്‍ മധുരയിലെ അവണിയാപുരം ജല്ലിക്കെട്ടിന് പ്രൗഢഗംഭീര തുടക്കം. ജല്ലിക്കെട്ടില്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കുന്ന കാളയുടെ ഉടമയ്ക്ക് ട്രാക്ടറും കാളയെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് കാറും ഒന്നാം സമ്മാനമായി ലഭിക്കും. മത്സരത്തിന്റെ ഓറോ റൗണ്ടിലെയും വിജയികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരത്തിലധികം കാളകളും 900 യുവാക്കളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. 

നാളെയും മറ്റന്നാളുമായി മധുരയിലെ പാലമേട്ടിലും അലങ്കനല്ലൂരിലും ജല്ലിക്കെട്ട് നടക്കും. പുതുക്കോട്ട ജില്ലയിലെ തങ്കക്കുറിച്ചിയിലാണ് ഈ വര്‍ഷത്തെ ജല്ലിക്കെട്ടിന് തുടക്കമായതെങ്കിലും അവണിയാപുരത്തെ ജല്ലിക്കെട്ടാണ് ഏറെ പ്രശസ്തം. കൊമ്ബില്‍ നാണയക്കിഴി കെട്ടി ഓടിവരുന്ന കാളയെ അതിന്റെ മുതുകില്‍ തൂങ്ങി കീഴടക്കി ആ കിഴിക്കെട്ട് സ്വന്തമാക്കുന്ന വീര്യമാണ് ജല്ലിക്കെട്ടിന്റെ ആകര്‍ഷണം. തങ്ങളുടെ ധീരതയും ശക്തിയും പ്രദര്‍ശിപ്പിക്കുന്ന ഈ പോരില്‍ അപകടങ്ങള്‍ ഏറെയാണ്. പങ്കെടുക്കുന്നവര്‍ക്ക് പുറമെ കാണികള്‍ക്കും പരിക്കേല്‍ക്കാറുണ്ട്. ഈ മാസം 15ന് പാലമേടും 16ന് അലങ്കാനല്ലൂരിലും ജല്ലിക്കെട്ട് അരങ്ങേറും. 

മധുര ജില്ലാ ഭരണകൂടം പുറപ്പെടുവിപ്പിച്ച നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ മൂന്ന് ജെല്ലിക്കെട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമെ ഓരോ കാളയ്ക്കും പങ്കെടുക്കാന്‍ കഴിയുകയുള്ളു. ഓരോ കാളയേയും അതിന്റെ ഉടമയും കാളയെ പരിചരിക്കുന്ന ഒരു പരിശീലകനും മത്സരത്തില്‍ പങ്കെടുക്കാം. കാളകളെ മെരുക്കുന്നവരും കാളകളുടെ ഉടമകളും ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ് സെറ്റായ 'madurai.nic.in' വഴി രജിസ്റ്റര്‍ ചെയ്യണം. സമര്‍പ്പിച്ച എല്ലാ രേഖകളും അധികൃതര്‍ പരിശോധിച്ച്‌ യോഗ്യരാണെന്ന് കരുതുന്നവര്‍ക്ക് മാത്രമെ ഡൗണ്‍ലോഡ് ചെയ്യാവുന്ന ടോക്കണ്‍ ലഭിക്കുകയുള്ളു. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. ടോക്കണ്‍ ഇല്ലാത്ത കാളകളെ മെരുക്കുന്നവരെയോ കാളകളെയോ പരിവാടിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. 

Related News