വീട്ടില്‍ പ്രസവം; ആദ്യം കുഞ്ഞ് മരിച്ചു, പിന്നാലെ അബോധാവസ്ഥയിലായ 31കാരി അമ്മയും, കേസെടുത്ത് പൊലീസ്

  • 17/01/2025

വീട്ടിലെ പ്രസവത്തിനിടെ 31കാരിയും കുഞ്ഞും മരിച്ചു. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടില്‍ വച്ചാണ് പ്രസവമെടുത്തത്. വീട്ടില്‍ വെച്ചായിരുന്നു യുവതി തന്‍റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്. 

ടി ജ്യോതി എന്ന യുവതിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടില്‍ത്തന്നെ പ്രസവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്യോതിയുടെ അമ്മ വല്ലി പൊക്കിള്‍ക്കൊടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രക്തസ്രാവമുണ്ടായത്. കുഞ്ഞ് ഉടൻ മരിച്ചു. ജ്യോതിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് സഹോദരൻ ജ്യോതിയെ ആർക്കോട് സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

9 വർഷം മുൻപ് വിവാഹിതരായ ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്- രണ്ട് പെണ്‍മക്കളും ഒരു മകനും. ജ്യോതിയുടെ ഭർത്താവ് എസ് തമിഴ്സെല്‍വൻ (31) സേലം സ്വദേശിയാണ്. സംഭവത്തെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി വെല്ലൂർ സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കുഞ്ഞിന് 2.8 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും സേലത്തെ റീപ്രൊഡക്റ്റീവ് ആൻഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആർസിഎച്ച്‌) പ്രോഗ്രാമിന് കീഴില്‍ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റാണിപ്പേട്ട് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 

Related News