വയനാടിനായി മുംബൈ മാരത്തണ്‍ ഓടാൻ കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം; മുഖ്യമന്ത്രി ജഴ്സി കൈമാറി

  • 17/01/2025

വയനാട് പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് ധനസമാഹരണാർത്ഥം ടാറ്റ മുംബൈ മാരത്തണ്‍ ഓടാനൊരുങ്ങി കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം. ഇതിനു മുന്നോടിയായി "റണ്‍ ഫോർ വയനാട് " എന്ന ആശയം മുൻനിർത്തി തയ്യാറാക്കിയ ജഴ്സിയും ഫ്ലാഗും ഡോ. കെ എം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. 

വയനാട്ടില്‍ വൻ നാശം വിതച്ച ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ കെ എം എബ്രഹാം ടാറ്റ മുംബൈ മാരത്തണില്‍ പങ്കെടുക്കുന്നത്. 42 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുള്‍ മാരത്തണ്‍ ആണ് ജനുവരി 19 ന് നടക്കുന്ന ടാറ്റ മുംബൈ മാരത്തണ്‍.

വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത് മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആർഎഫിന്‍റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related News