എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവില്‍ നോണ്‍ വെജ് വില്‍പ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

  • 18/01/2025

എയ്‌റോ ഇന്ത്യ ഷോ നടക്കുന്നതിനാല്‍ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിലോമീറ്റർ പരിധിയില്‍ സസ്യേതര വിഭവങ്ങള്‍ വിളമ്ബുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി). ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകള്‍, നോണ്‍ വെജിറ്റേറിയൻ ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവയ്ക്കാണ് നിയന്ത്രണം.

പൊതുസ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന നോണ്‍ വെജ് ഭക്ഷണാവശിഷ്ടങ്ങള്‍ കഴുകനെ പോലുള്ള പക്ഷികളെ ആകർഷിക്കുമെന്നും ഇത് എയ്റോ ഷോയില്‍ അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു. ഉത്തരവ് ലംഘിച്ചാല്‍ ബിബിഎംപി ആക്റ്റ്-2020 പ്രകാരവും ഇന്ത്യൻ എയർക്രാഫ്റ്റ് റൂള്‍സ് 1937 ലെ 91-ാം ചട്ട പ്രകാരവും ശിക്ഷിക്കപ്പെടുമെന്ന് അറിയിപ്പില്‍ പറയുന്നു.

എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി 10 മുതല്‍ 14 വരെ യെലഹങ്കയില്‍ നടക്കും. പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിള്‍, എയ്‌റോസ്‌പേസ് കമ്ബനികളുടെ മേള ഉള്‍പ്പെടുന്ന വലിയ എക്‌സിബിഷൻ എന്നിവയും എയ്‌റോ ഇന്ത്യയിലുണ്ടാകും. 1996 മുതല്‍ ബെംഗളൂരുവില്‍ എയ്റോ സ്പെയിസ് എക്സിബിഷൻ സംഘടിപ്പിക്കുന്നുണ്ട്. 

Related News