ഓപ്പറേഷന്‍ സജാഗ്; നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തി, സ്പീഡ് ബോട്ട് പിടിച്ചെടുത്തു

  • 18/01/2025

നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. മുനമ്ബത്ത് നിന്ന് കടലില്‍ ഉല്ലാസയാത്ര നടത്തിയ എറണാകുളം ചേന്ദമംഗലം കരിപ്പായി കടവ് സ്വദേശി മേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന പേരുള്ള സ്പീഡ് ബോട്ട് ആണ് പിടിച്ചെടുത്തത്. യാതൊരു വിധ അനുമതിപത്രമോ രേഖകളോ ഇല്ലാതെയാണ് സ്പീഡ് ബോട്ട് കടലില്‍ ഉല്ലാസയാത്ര നടത്തിയത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീഡ് ബോട്ട് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി.

അഴീക്കോട് അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു വെച്ച്‌ സുരക്ഷാ സംവിധാനങ്ങളില്ലാതെ അമിത വേഗതയിലും ആശ്രദ്ധമായും കടലിലൂടെ ഉല്ലാസ ബോട്ട് ഓടിക്കുന്നത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പട്രോള്‍ ബോട്ട് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബോട്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അഴീക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ അനുമതിയോ അഴീക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് കണ്ടെത്തി.

Related News