126 സ്ഥലങ്ങളില്‍ സൈറണുകള്‍; ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും 'കവച'ത്തിന് കീഴില്‍: ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

  • 21/01/2025

മുഖ്യമന്ത്രികേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) കീഴില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്ബത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറന്‍ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.

126 സൈറന്‍-സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ്വെയര്‍, ഡാറ്റ സെന്റര്‍ എന്നിവയടങ്ങുന്നതാണ് കവചം.അത്യാധുനികമായ ഒരു ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഇപ്പോള്‍ 126 സ്ഥലങ്ങളില്‍ സൈറണുകള്‍ സ്ഥാപിക്കും. രണ്ടുഘട്ട പ്രവര്‍ത്തന പരീക്ഷണമുള്‍പ്പെടെ 91 സൈറണുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ദുരന്തനിവാരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Related News