മാളിന്‍റെ ബേസ്മെന്‍റില്‍ 30കാരിയുടെ മൃതദേഹം, കണ്ടത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍; പൊലീസ് അന്വേഷണം

  • 21/01/2025

അടച്ചിട്ട മാളിന്‍റെ ബേസ്മെന്‍റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ 30കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള ഡ്രീം മാളിന്‍റെ ബേസ്‌മെന്‍റില്‍ ഇന്ന് രാവിലെയാണ് മനീഷ ഗെയ്‌ക്‌വാദ് എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

2021ല്‍ കൊവിഡ് കാലത്ത് 11 പേർ മരിച്ച തീപിടിത്തത്തെ തുടർന്ന് മാള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ 9.30 ഓടെയാണ് ഒരു ജീവനക്കാരൻ മൃതദേഹം കണ്ടത്. സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു.

ഭാണ്ഡൂപ്പിലാണ് യുവതി താമസിക്കുന്നതെന്ന് സീനിയർ ഇൻസ്പെക്ടർ ദത്ത ഖണ്ഡഗ്ലെ പറഞ്ഞു. യുവതി കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നില്ല. യുവതിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ അന്വേഷണത്തില്‍ പുരോഗതിയുണ്ടാവുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. 

Related News