ബ്രൂവറി അഴിമതിയാരോപണം തള്ളി, സഭയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; കേരളം വ്യവസായ നിക്ഷേപ സൗഹൃദം

  • 23/01/2025

നിയമസഭയില്‍ സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.

സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി,കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന ആക്ഷേപം മാറിയെന്നും അവകാശപ്പെട്ടു. 2028 ല്‍ വിഴിഞ്ഞം യാഥാർത്ഥ്യമാകും. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ല്‍ ഇടത് സർക്കാർ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം ഇടത് സർക്കാരിന്റെ നേട്ടമാണ്. ഐടി മേഖലയില്‍ വൻ നേട്ടമുണ്ടാക്കാൻ സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് ഐ ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്.

ആരോഗ്യ മേഖലയെ കരിവാരിത്തേക്കാൻ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ശ്രമിച്ചു. യുഡിഎഫ് കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. സർക്കാർ മേഖലയില്‍ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. ആർദ്രം മിഷനിലൂടെ ഇടത് സർക്കാർ അതെല്ലാം മാറ്റിയെടുത്തു.

Related News