മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു നിയന്ത്രണത്തിലാക്കി; ചികിത്സ തുടങ്ങി

  • 23/01/2025

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു നിയന്ത്രണത്തിലാക്കി. കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനായി ദൗത്യസംഘം നാല് റൗണ്ട് ആണ് മയക്കുവെടിവെച്ചത്. ആനയുടെ പിന്‍കാലിലാണ് മയക്കുവെടിയേറ്റത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലായ കാട്ടാനയ്ക്ക് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങി. 

വെറ്റിലപ്പാറയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന ഉള്ളത്. മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിന് തൊട്ടുമുന്‍പ് ദൗത്യസംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു. കഴിഞ്ഞ ദിവസം കാടുകയറിയ കാട്ടാന ഇന്ന് വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയതോടെയാണ് ദൗത്യസംഘത്തിന് കാര്യങ്ങള്‍ എളുപ്പമായത്.

കഴിഞ്ഞ ദിവസം ആനയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെയാണ് ഇന്ന് രാവിലെ തിരിച്ചെത്തിയത്. 14-ാം ബ്ലോക്കില്‍ ചാലക്കുടി പുഴ മുറിച്ചുകടന്ന് ഇല്ലിക്കാട് നിറഞ്ഞ തുരുത്തിലേക്കാണ് ആന എത്തിയത്. കാട്ടാനക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന പരിക്കേറ്റ ആന മറ്റുള്ള ആനകളില്‍ നിന്ന് മാറുമ്ബോള്‍ മയക്കുവെടിവെയ്ക്കാനായിരുന്നു പദ്ധതി. കാട്ടാനക്കൂട്ടത്തില്‍ നിന്ന് മാറിയ സമയത്താണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെയ്ക്കുന്നതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്ന കാട്ടാന ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തെങ്കിലും മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ല.

Related News