നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാൻ ഉത്തരവ്; വയനാട്ടില്‍ പ്രതിഷേധം കനക്കുന്നു

  • 24/01/2025

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനേത്തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ. വന്യജീവി ആക്രമണമുണ്ടായതിനേത്തുടർന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് ഉയർത്തുന്നത്. മന്ത്രി ഒ.ആർ. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയർന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയർത്തിയത്.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേർന്നു തണ്ടർബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്. 

ഇതോടെയാണ് നാട്ടുകാർ വലിയ തോതില്‍ പ്രതിഷേധിച്ചത്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിക്കെതിരെയും ജനരോഷമുയർന്നു. കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

Related News