ഇടകലര്‍ന്ന വ്യായാമം ഇസ്ലാമികമല്ല, അവിഹിത ബന്ധങ്ങളുണ്ടാകാൻ അവസരമാകുന്നു; കാന്തപുരത്തെ പിന്തുണച്ച്‌ ഹുസൈൻ മടവൂര്‍

  • 24/01/2025

പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച്‌ ഹുസൈൻ മടവൂർ. കാന്തപുരം സംസാരിച്ചത് മത വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ട. സിപിഎം ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണെന്നും ഹുസൈൻ മടവൂർ കുറ്റപ്പെടുത്തി. 

അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു. അത് ഇല്ലാതാക്കാനാണ് മതം നിയന്ത്രണം കൊണ്ടുവന്നത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്ക്. പൊതു സ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതില്‍ അല്ല. വിഷയം ജുമുഅ കുത്തുബയില്‍ അടക്കം മത വേദികളില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു സുന്നി നേതാവിനെ പിന്തുണച്ച്‌ മുജാഹിദ് വിഭാഗം രംഗത്ത് എത്തുന്നത്. 

അതേസമയം, മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങളാണ് വലിയ വിവാദമായത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നു കൊണ്ട് വ്യായാമത്തില്‍ ഏർപ്പെടുന്നുവെന്നും വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുകയാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.

Related News