വിവാഹത്തിന് വിയോജിക്കുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ല: സുപ്രീംകോടതി

  • 26/01/2025

വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 306 എടുത്തു പറഞ്ഞു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തപ്പെട്ട യുവാവിന്റെ അമ്മയാണ് കോടതിയെ സമീപിച്ചത്.

കാമുകി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ട്രെയിനിന് മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. മകന്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് അമ്മ ലക്ഷ്മി ദാസ് വിചാരണ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടര്‍ന്നാണ് ലക്ഷ്മി ദാസ് സുപ്രീംകോടതിയെ സമീപിച്ചത്.

ആത്മഹത്യക്ക് യുവാവ് പ്രേരിപ്പിച്ചുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മരിച്ചയാളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്ന് യുവാവും വ്യക്തമാക്കി. കുറ്റപത്രത്തിലും സാക്ഷിമൊഴികളിലും ഒരു തെളിവു പോലും യുവാവിനെതിരെയില്ലെന്നും കോടതി നിരീക്ഷിച്ചു. യുവാവിനെതിരെയുള്ള കുറ്റങ്ങളും കോടതി റദ്ദാക്കി.

Related News