'കേരളം ലോകത്തിന് സംഭാവന നല്‍കിയ ആ ഭിഷഗ്വര പ്രതിഭ'; ഡോ. കെ എം ചെറിയാന്‍റെ വേര്‍പാട് നഷ്ടമെന്ന് മുഖ്യമന്ത്രി

  • 26/01/2025

ഹൃദയ ചികിത്സാ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോ. കെ എം ചെറിയാന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി നടത്തിയ ഡോ. കെ എം ചെറിയാൻ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായി വിട പറഞ്ഞത്. രാജ്യത്തെ ആദ്യത്തെ ഹാർട്ട് ലംഗ് ട്രാൻസ്പ്ലാന്റ്‌, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്‌, ആദ്യത്തെ ലേസർ ഹാർട്ട്‌സർജറി എന്നിങ്ങനെ ഒട്ടേറെ റെക്കോർഡുകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

82-ാം വയസ്സിലും ഊർജ്ജസ്വലനായി ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സജീവ ഇടപെടല്‍ നടത്തിയ ഡോ. കെ എം ചെറിയാൻ അനേകം ഹൃദയങ്ങളുടെ രക്ഷകനായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച്‌ ലോകത്താകെ ആതുരസേവന മേഖലയില്‍ മുദ്ര പതിപ്പിച്ചു. ഹൃദയ ചികിത്സാരംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിലും ഏറ്റവും സാധാരണക്കാർക്ക് വരെ വിദഗ്ധ ചികിത്സ പ്രാപ്യമാക്കുന്നതിനും നിരന്തരം ഇടപെട്ടു. 

ഈ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ ഭാഗമായുള്ള നവീന ചികിത്സാരീതികളുടെ ലോക നേട്ടങ്ങള്‍ക്കൊപ്പം നടന്ന അദ്ദേഹം അവയെല്ലാം പ്രാപ്യമാവുന്ന സ്ഥാപനങ്ങള്‍ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുത്തു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഹൃദയ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കാൻ നിരന്തരം സഞ്ചരിച്ച ഡോ ചെറിയാന് നിരവധി ശിഷ്യഗണങ്ങളുണ്ട്.

Related News