പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയില്‍; ശരീരത്തില്‍ മുറിവുകള്‍

  • 26/01/2025

മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു. കടുവയെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ ദൗത്യസംഘം പരിശോധന തുടരുന്നതിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പിലാക്കാവ് ഭാഗത്താണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. നരഭോജി കടുവ തന്നെയാണ് ഇത് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 2.30 നാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരിക്കുകളുണ്ട്. കഴുത്തില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. ആളുകള്‍ വനമേഖലയോട് ചേര്‍ന്ന ഭാഗത്ത് മാലിന്യം നിക്ഷേപിക്കാറുണ്ട്. ഇവിടെ നിന്നാണ് കടുവയുടെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. ഇവിടെ കടുവയുടെ കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ഇത് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മയക്കുവെടി വെക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടിട്ടും കടുവ ഓടി പോയില്ല. വെടിവെക്കാനുള്ള സാഹചര്യം ഒരുക്കിയെങ്കിലും കടുവ കുറച്ച്‌ കൂടി മുന്നോട്ടേക്ക് പോയി. പിന്നീട് നടത്തിയ പരിശോധനയിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 12.30 ഓടെ തന്നെ കടുവയുടെ സാന്നിധ്യം പ്രദേശത്ത് സ്ഥിരീകരിച്ചിരുന്നു. കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് സിസിഎഫ് അറിയിച്ചു. കുപ്പാടി കടുവ പരിചരണ കേന്ദ്രത്തില്‍ വെച്ചായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. കടുവയുടെ ദേഹത്തുള്ള മുറിവിന് പഴക്കമുണ്ടെന്ന് ഡോ അരുണ്‍ സക്കറിയ പറഞ്ഞു.

Related News