എന്റെ ശരീരത്തില്‍ ഇന്ത്യൻ ഡിഎൻഎയുണ്ട്, ഇന്ത്യൻ ഗാനങ്ങള്‍ക്ക് ഞാൻ നൃത്തം ചെയ്യാറുണ്ട്; ഇന്തോനേഷ്യൻ പ്രസിഡൻ്റ്

  • 26/01/2025

തനിക്ക് ഇന്ത്യൻ വേരുകളുണ്ടെന്നും അത് ഡി എൻ എ സീക്വൻസിങ്ങിലൂടെ കണ്ടെത്തിയെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ. കർത്തവ്യ പഥില്‍ നടന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ദ്രൗപതി മുർമു ആതിഥേയത്വം വഹിച്ച വിരുന്നില്‍ പങ്കെടുക്കവേ ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അവർ. 

അടുത്തിടെ തൻ്റെ ഡിഎൻഎ സീക്വൻസിങ് നടത്തിയെന്നും തനിക്ക് ഇന്ത്യൻ ഡിഎൻഎ ഉണ്ടെന്ന് അതിലൂടെ തെളിഞ്ഞെന്നും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ ചിരിച്ച്‌ ഒരു കയ്യടിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖറും ഉള്‍പ്പെടെ സ്വീകരിച്ചത്.

ഇന്ത്യൻ ഗാനങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഞാൻ നൃത്തം ചെയ്യുമെന്ന് എല്ലാവർക്കുമറിയാമെന്ന് ഇന്ത്യൻ സംഗീതത്തോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് പ്രബോവോ സുബിയാന്തോ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും പുരാതനമായ ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ സാമ്യമുള്ള മറ്റു പല കാര്യങ്ങളുമുണ്ട്. നമ്മുടെ ഭാഷയുടെ വളരെ പ്രധാനപ്പെട്ട ഭാഗം സംസ്കൃതത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഇന്തോനേഷ്യയുടെ പല പേരുകളും യഥാർത്ഥത്തില്‍ സംസ്കൃത നാമങ്ങളാണ്. ഞങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പുരാതന ഇന്ത്യൻ നാഗരികതയുടെ സ്വാധീനം വലുതാണ്.

ഇന്തൊനേഷ്യയില്‍ നിന്ന് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമാകുന്ന രണ്ടാമത്തെ പ്രസിഡന്റാണ് പ്രബോവോ സുബിയാന്തോ. ഇതിന് മുൻപ് 1950 ജനുവരി 26 ന് നടന്ന ചടങ്ങില്‍ പങ്കെടുത്തത് സുകാർണോ ആയിരുന്നു. ഇന്ത്യയില്‍ വന്നതില്‍ ഞാൻ അഭിമാനിക്കുന്നുവെന്നും വരും വർഷങ്ങളില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐശ്വര്യവും സമാധാനവും മഹത്വവും ആശംസിക്കുന്നതായും സുബിയാന്തോ പറഞ്ഞു.

Related News