യൂത്താകാൻ കോണ്‍ഗ്രസ്, കൂടുതല്‍ യുവാക്കള്‍ക്ക് ഭാരവാഹിത്വം നല്‍കി, പുനഃസംഘടനയിലേക്കുള്ള ചുവടുവെപ്പ്

  • 27/01/2025

പാർട്ടിയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് ഭാരവാഹിത്വം നല്‍കി കോണ്‍ഗ്രസ്. മുൻ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളില്‍ ഭാരവാഹികളായിരുന്നവർക്കാണ് പാർട്ടിയിലും ചുമതല നല്‍കിയത്. എംപി ഷാഫി പറമ്ബില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻ്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിൻ്റെ കാലത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡൻ്റ്, ജനറല്‍ സെക്രട്ടറി പദവികളാണ് ഇവർക്ക് നല്‍കിയത്.

യുവാക്കള്‍ക്ക് പാർട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് ഭാരവാഹിത്വം നല്‍കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. നേരത്തെ ഡീൻ കുര്യാക്കോസിന്റെ കാലത്ത് സംസ്ഥാന കമ്മിറ്റിയില്‍ പ്രവർത്തിച്ചവർക്ക് പിന്നീട് പദവികളൊന്നും ലഭിച്ചിരുന്നില്ല. ഷാഫിയുടെ കാലത്തും സമാനമായ അവസ്ഥയുണ്ടായി.

അവരെയാണ് ഇപ്പോള്‍ ബ്ലോക്ക്, ഡിസിസി കമ്മിറ്റികളില്‍ നിയമനം നല്‍കിയത്. കോണ്‍ഗ്രസിന്റെ പുനഃസംഘടനയുടെ മുന്നോടിയായും ഈ നീക്കത്തെ കാണുന്നുണ്ട്. ഡിസിസി, കെപിസിസി പുനഃസംഘടന അധികം വൈകാതെ പൂർത്തിയാക്കുമെന്നാണ് നേതൃത്വം പറയുന്നത്.

Related News