എല്ലാവര്‍ഷവും പാഠപുസ്തകം പുതുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി; പരിഷ്കരിച്ച പാഠ പുസ്തകങ്ങള്‍ക്ക് അംഗീകാരമായി

  • 27/01/2025

സംസ്ഥാനത്തെ പരിഷ്കരിച്ച സ്കൂള്‍ പാഠ പുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കി. 2,4,6,8 ക്ലാസുകളിലെ 128 ടൈറ്റില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ് ,കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചത്. പത്താം ക്ലാസിലെ 77 ടൈറ്റില്‍ പുസ്തകങ്ങള്‍ക്ക് കഴിച്ച മാസം ചേർന്ന കരിക്കുലം കമ്മറ്റി യോഗം അംഗീകാരം നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തോടെ പത്താം ക്ലാസിലെ പരിഷ്കരിച്ച പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. എല്ലാ പാഠ പുസ്തകങ്ങളും അച്ചടി പൂർത്തിയാക്കി മെയ് മാസത്തോടെ കുട്ടികള്‍ക്ക് നല്‍കും.

എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകണമെന്നും ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകം പുതുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, മറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

Related News