പൊലീസും നാട്ടുകാരും നേരില്‍ കണ്ടു, ചെന്താമര ഓടിമറഞ്ഞു; സംഘടിച്ച്‌ കൂടുതല്‍ പേര്‍, പോത്തുണ്ടിയില്‍ വ്യാപക തെരച്ചില്‍

  • 28/01/2025

പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തി. രാത്രി ഒൻപതരയോടെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും പ്രതിക്കായി പ്രദേശത്ത് തെരച്ചില്‍ നടത്താൻ പൊലീസ് തീരുമാനിച്ചു.

മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരായ ചിലർ ചെന്താമരയെ കണ്ടത്. ഒരു പൊലീസുകാരനും ചെന്താമരയെ കണ്ടെന്ന് പറഞ്ഞു. ഇതോടെ പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടില്‍ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതല്‍ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാർ.

ഇരട്ട കൊലപാതകം നടന്ന പോത്തുണ്ടിയില്‍ നിന്നും ചെന്താമരയെ കണ്ടെന്ന് പറയുന്ന മാട്ടായിലേക്ക് നാല് കിലോമീറ്ററാണ് ദൂരം. മാട്ടായില്‍ നിന്ന് ചെന്താമരയുടെ ചെറിയമ്മയുടെ നെല്ലിക്കാടുള്ള വീട്ടിലേക്ക് ഒരു കിലോമീറ്ററാണ് ദൂരം. പ്രതി ചെറിയമ്മയുടെ വീട് ലക്ഷ്യമാക്കി കാടുകയറി വന്നതാകാമെന്നാണ് പൊലീസിൻ്റെ സംശയം.

ചെന്താമരയെ തന്നെയാണ് കണ്ടതെന്ന് ഡിവൈഎസ്‌പിയും പ്രതികരിച്ചു. മട്ടായി ക്ഷേത്രത്തിന് സമീപത്തെ ഗ്രൌണ്ടില്‍ ഇരിക്കുകയായിരുന്ന യുവാക്കളാണ് ഇയാളെ കണ്ടത്. പിന്നാലെ വിവരം കൂടുതല്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പിന്നാലെ ഓടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. ഇവിടെ മട്ടായി കുന്നിന് സമീപത്ത് അടക്കം തെരച്ചില്‍ നടക്കുന്നുണ്ട്. പ്രദേശത്ത് പഞ്ചായത്തിൻ്റെ വലിയ വാട്ടർ ടാങ്കില്‍ അടക്കം തെരച്ചില്‍ നടത്തുന്നുണ്ട്.

Related News