കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട ഭക്തർക്ക് സഹായഹസ്തവുമായി പ്രയാഗ്‌രാജിലെ മുസ്‌ലിംകള്‍. പള്ളികളും മദ്രസകളും ഇമാംബാരകളും വീടുകളുമെല്ലാം ഭക്തർക്ക് അഭയകേന്ദ്രങ്ങളായി മാറി. ഭക്ഷണവും വെള്ളവും കമ്ബിളിയുമെല്ലാം ഇവർ വിതരണം ചെയ്തു. ജനുവരി 29ന് മൗനി അമാവാസിയില്‍ അമൃത് സ്‌നാനത്തിനിടെയാണ് മേളയില്‍ തിക്കും തിരക്കുമുണ്ടായത്. ദുരന്തത്തില്‍ 30ഓളം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആയിരക്കണക്കിന് ഭക്തരാണ് തിക്കിലും തിരക്കിലും കുടുങ്ങിയത്. ബസുകളും ട്രക്കുകളും അടക്കമുള്ള വാഹനങ്ങളെല്ലാം ഹൈവേയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ സമീപത്തെ മുസ്‌ലിം കുടുംബങ്ങളെല്ലാം സഹായവുമായി രംഗത്തിറങ്ങി. നഖാസ് കോഹ്ന, റോഷൻ ബാഗ്, ഹിമ്മത്ഗഞ്ച്, ഖുല്‍ദാബാദ്, റാണി മണ്ഡി, ഷാഹ്ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഭക്തർക്ക് സഹായവുമായി എത്തിയത്. ഖുല്‍ദാബാദ് സാബ്‌സി മണ്ഡി മസ്ജിദ്, ബഡാം താജിയ ഇമാംബാര, ചൗക്ക് മസ്ജിദ് എന്നിവയെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറി. മണിക്കൂറുകള്‍ക്കകം കമ്മ്യൂണിറ്റി കിച്ചണ്‍ തയ്യാറായി. വിശന്നു വലഞ്ഞ ഭക്തർക്ക് ചായയും കടിയും ഭക്ഷണവുമെല്ലാം പിന്നെ ഇവരുടെ വകയായിരുന്നു.
സാധ്യമായത്ര ആളുകള്‍ക്ക് താമസ സൗകര്യമൊരുക്കാൻ രാത്രി മുഴുവൻ വളണ്ടിയർമാർ പണിയെടുത്തു. പള്ളികളിലും വീടുകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് താമസത്തിന് പ്രഥമ പരിഗണന നല്‍കിയത്. കമ്മ്യൂണിറ്റി ഹാളുകളിലും മദ്രസകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഉറങ്ങാൻ സൗകര്യമൊരുക്കിയത്. പ്രദേശവാസികള്‍ റോഡ് സൈഡില്‍ കൗണ്ടറുകള്‍ തുറന്ന് വെള്ളവും ബിസ്‌കറ്റും ബ്ലാങ്കറ്റുകളും വിതരണം ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?