ഗില്ലന്‍ ബാരി സിന്‍ഡ്രോം നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി; പൂനെയില്‍ 18 പേര്‍ വെന്റിലേറ്ററില്‍

  • 03/02/2025

മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച്‌ നാലു സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പൂനെയില്‍ രോഗം ബാധിച്ച 140 പേരില്‍ 18 പേര്‍ വെന്റിലേറ്ററിലാണ്. 

പശ്ചിമ ബംഗാളിനെ നോര്‍ത്ത് 24 പര്‍ഗാനായില്‍ ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ നിരവധി കുട്ടികളില്‍ ജിബിഎസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

തെലങ്കാനയില്‍ സിദ്ദിപ്പേട്ട് സ്വദേശിനിയായ 25 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. അസമില്‍ 17 വയസ്സുള്ള പെണ്‍കുട്ടിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ജിബിഎസ് കേസുകളാണിത്. രോഗം പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതും രോഗപ്പകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

Related News