'ആര്‍എസ്‌എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

  • 03/02/2025

ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച സാഹിത്യകാരി കെ ആര്‍ മീരക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രത്തെ മറന്ന് കോണ്‍ഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനുമാണ് മീരയുടെ ശ്രമമെന്ന് സതീശന്‍ വിമര്‍ശിച്ചു.

തെരെഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആര്‍എസ്‌എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു? ഇത്തരം ശക്തികളുമായി കോണ്‍ഗ്രസ് ഒരിക്കലും സന്ധി ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നുവെങ്കില്‍ അതിന്റെ കാരണങ്ങളില്‍ ഒന്ന് അതിശക്തമായ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതു കൊണ്ടാണ്.

കോണ്‍ഗ്രസിന് കൃത്യമായ നിലപാടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അത് കാണാം. അതിനെ ചോദ്യം ചെയ്യാം വിമര്‍ശിക്കാം. അത് സഹിഷ്ണുതയോടെ കേള്‍ക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. പക്ഷെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല. അതാരായാലും ചെറുക്കും. അതിനെ പരാജയപ്പെടുത്തുമെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

Related News