'ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, ഭിക്ഷയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍', ഭോപ്പാലില്‍ ഭിക്ഷാടനം നിരോധിച്ചു

  • 04/02/2025

മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഭിക്ഷാടനം പൂര്‍ണമായി നിരോധിച്ച്‌ ജില്ലാ കളക്ടര്‍. തിങ്കളാഴ്ചയാണ് ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം ഇത് വ്യക്തമാക്കി ഉത്തരവിറക്കിയത് . ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

ആരാധനാലയങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രാഫിക് സിഗ്നല്‍, ജംഗ്ഷനുകള്‍ എന്നിങ്ങനെയുള്ള പൊതുവിടങ്ങളില്‍ വ്യക്തികള്‍ ഒറ്റയ്ക്കും കൂട്ടമായും കുടുംബാഗങ്ങളോടൊപ്പവും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണിത്. സിഗ്നലുകളിലുള്‍പ്പെടെയുള്ള ഭിക്ഷാടനം ഗതാഗത തടസം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സിറ്റികളിലും നിന്നുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. മിക്കവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും ഇവര്‍ക്കിടയിലുണ്ട്. ഭിക്ഷാടനത്തിന്‍റെ മറവില്‍ നിരവധി കുറ്റ കൃത്യങ്ങള്‍ നടക്കുന്നു എന്നും കളക്ടറുടെ ഉത്തരവില്‍ വിശദമാക്കുന്നു.

ഇവരുടെ പുനരധിവാസത്തിനായി കോലാറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ സൗകര്യങ്ങളൊരുക്കും. ഉത്തരവ് പ്രകാരം ഭിക്ഷാടകര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതും അവരില്‍ നിന്ന് എന്തെങ്കിലും വാങ്ങുന്നതും തടഞ്ഞിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.

Related News