പകുതി വിലയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് 1000 കോടി കടക്കുമെന്ന് പൊലീസ് നിഗമനം. മുവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ അവശേഷിക്കുന്നതു മൂന്ന് കോടി രൂപ മാത്രമെന്നും പൊലീസ് പറയുന്നു. എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും അടുപ്പം പുലര്‍ത്താനും പൊതു സമൂഹത്തിനു മുന്നില്‍ ഈ അടുപ്പം പ്രദര്‍ശിപ്പിക്കാനും അനന്തു കൃഷ്ണന്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂര്‍ നല്‍കണം. ബാക്കി തുക വന്‍കിട കമ്ബനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ കുറെപ്പേര്‍ക്കു സാധനങ്ങള്‍ നല്‍കി. ശേഷിക്കുന്നവരുടെ പണമാണ് നഷ്ടമായതെന്ന് പരാതികളില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. 2000 പരാതികള്‍. ഇടുക്കിയില്‍ 350 പരാതികള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 8 കേസുകള്‍ എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നു മാത്രം 700 കോടി തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടും 11 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 5564 പേരും എറണാകുളം പറവൂരില്‍ 2000 പേരും ഗുണഭോക്തൃ വിഹിതം അടച്ചു കാത്തിരിക്കുകയാണ്. ഇവരും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്. അനന്തു കൃഷ്ണന്റെ ഫ്‌ലാറ്റുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.
ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കിയാണ് നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു സൊസൈറ്റി രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ തട്ടിപ്പ്. രജിസ്‌ട്രേഷനു വേഗം പോരെന്നു കണ്ട് 62 സീഡ് സൊസൈറ്റികളും രൂപീകരിച്ചു. പകുതി വിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ സൊസൈറ്റി അംഗത്വം ഉറപ്പാക്കി. തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ പേരിലും പണപ്പിരിവ് നടത്തി. തട്ടിപ്പു മനസ്സിലായതോടെ ഇതിന്റെ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പരാതികള്‍ ശക്തമായതോടെ അറസ്റ്റ് പ്രതീക്ഷിച്ച അനന്തു കൃഷ്ണന്‍ സ്വന്തം രൂപമടക്കം മാറ്റിയിരുന്നു. തല മൊട്ടയടിച്ചു. മീശ വടിച്ചു. പൊലീസ് സ്റ്റേഷനില്‍ പ്രതിയെ നേരില്‍ കണ്ട പ്രമോട്ടര്‍മാര്‍ക്കു പോലും എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?