പകുതി വിലയ്ക്ക് സ്‌കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി, കണ്ണൂരില്‍ മാത്രം 2000 പരാതികള്‍

  • 05/02/2025

പകുതി വിലയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. 

ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച്‌ അതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. സീഡ് എന്ന സൊസൈറ്റി രൂപീകരിച്ച്‌, അതുവഴി രജിസ്‌ട്രേഷന്‍ നടത്തിയാണ് പണം സമാഹരിച്ചത്. പകുതി വിലയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചെങ്കിലും രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് വാഗ്ദാനം ചെയ്ത ഇലക്‌ട്രിക് സ്‌കൂട്ടറോ തയ്യല്‍ മെഷീനോ ലാപ്ടോപോ നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പരാതികളുമായി നിരവധിപ്പേര്‍ രംഗത്തുവന്നത്.

സൊസൈറ്റിയുടെ കണ്ണൂരിലെ ബ്ലോക്കിലെ സെക്രട്ടറിയായ മോഹനന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഏഴുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന എന്നി രണ്ടു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലാണ് സൊസൈറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. എല്ലാ ബ്ലോക്ക് തലത്തിലുമാണ് സൊസൈറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലീഗല്‍ അഡൈ്വസര്‍ ലാലി വിന്‍സന്റാണ്.

ലാലി വിന്‍സന്റിന് പുറമേ അനന്തു കൃഷ്ണന്‍ അടക്കമുള്ളവരാണ് മറ്റു പ്രതികള്‍. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ കൂടിയാണ് അനന്തു കൃഷ്ണന്‍. ഈ കോണ്‍ഫെഡറേഷന്‍ വഴിയാണ് തട്ടിപ്പ് നടന്നത്. ഈ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. തട്ടിപ്പില്‍ അനന്തു കൃഷ്ണനെതിരെ കോഴിക്കോട് പൊലീസും കേസെടുത്തിട്ടുണ്ട്.

Related News