'ഒരിഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല'; യുഎസ് നാടുകടത്തിയ ഇന്ത്യക്കാരെ എത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവെച്ച്‌

  • 05/02/2025

യുഎസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവെച്ചെന്ന് വെളിപ്പെടുത്തല്‍. പലരും വായ്പയെടുത്തും ഭൂമി വിറ്റുമൊക്കെയാണ് അമേരിക്കയില്‍ എത്താൻ പണം കണ്ടെത്തിയത്.

തിരിച്ചെത്തിയതോടെ പലരും സാമ്ബത്തിക പ്രതിസന്ധിയിലാണ്. ബ്രസീലും മെക്സിക്കോയുമൊക്കെ കടന്നുപോകുന്ന 'ഡോങ്കി റൂട്ട്' വഴിയാണ് പലരും യുഎസിലെത്തിയത്. ഏജന്റുമാർക്ക് നല്‍കുന്നതിനായി മാത്രം 40-60 ലക്ഷം രൂപ വരെ ഉണ്ടാക്കി. ഇപ്പോള്‍ പെരുവഴിയിലായ അവസ്ഥയിലാണ് പലരും. സർക്കാർ സഹായിച്ചാല്‍ മാത്രമേ പലർക്കും അതിജീവിക്കാനാകൂ. 

യുഎസില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നതില്‍ പ്രധാനമന്ത്രി മോദി ഇടപെടണമെന്ന് പഞ്ചാബ് മന്ത്രി ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റുമാരാണ് തങ്ങളെ യുഎസിലേക്ക് അയച്ചതെന്നും ഫോണിലൂടെയാണ് കരാറുകള്‍ ഉണ്ടാക്കിയതെന്നും ചിലർ പറഞ്ഞതായി പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുല്‍ദീപ് സിംഗ് ധാലിവാള്‍ പറഞ്ഞു. ഇവിടെ നിന്നുള്ള യുവാക്കള്‍ ദുബായിലേക്ക് പോയി, യുകെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ വഴി യുഎസിലേക്ക് അയച്ചു.

അവരില്‍ ചിലർക്ക് കനേഡിയൻ വിസ പോലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഏജന്റുമാരെ ഉപയോഗിച്ചിട്ടുണ്ടെന്നും പിടിക്കപ്പെടുന്നതിന് മുമ്ബ് പലയിടങ്ങളിലും താമസിച്ചിട്ടുണ്ടെന്നും നാടുകടത്തപ്പെട്ടവർ പ്രാഥമിക ചോദ്യം ചെയ്യലില്‍ പറഞ്ഞതായി സ്രോതസ്സുകള്‍ അറിയിച്ചു. 

Related News