7 വയസുകാരന്റെ മുറിവിന് തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച നഴ്സിനെ സസ്പെന്റ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍

  • 06/02/2025

ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയില്‍ നഴ്സിനെ സസ്പെന്റ് ചെയ്ത് കർണാടക സർക്കാർ. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത പശയായ ഫെവിക്വിക്ക് ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആദ്യം തന്നെ പ്രാഥമിക അന്വേഷണം നടത്തി നഴ്സിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.

കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവന്നത്. എന്നാല്‍ മുറിവില്‍ തുന്നലിട്ടാല്‍ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്സ് ഫെവി ക്വിക്ക് ഉപയോഗിച്ച്‌ ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താൻ വ‍ർഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകർത്തിയതാണ് നടപടിക്ക് വഴിവെച്ചത്. പിന്നീട് ഈ വീഡിയോ സഹിതം ഇവർ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. 

Related News