ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റ്; ക്ഷേമപെൻഷൻ കൂട്ടിയില്ല, ഭൂനികുതി കുത്തനെ കൂടും

  • 07/02/2025

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച്‌ രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്ബൂർണ്ണ ബജറ്റ്. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധന ഉണ്ടാകും. എന്നാല്‍, ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത കുടിശ്ശിക ഉടൻ നല്‍കുമെന്നാണ് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്ബളത്തില്‍ നല്‍കും.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒരുപാട് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ തെറ്റിച്ച്‌ കൊണ്ടായിരുന്നു കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് അവതരണം. ക്ഷേമപെൻഷൻ 100 രൂപയോ 150 രൂപയോ കൂട്ടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ബജറ്റ് നിരാശപ്പെടുത്തി. 12 ആം ശമ്ബള പരിഷ്ക്കരണ കമ്മീഷൻ്റെ പ്രഖ്യാപനം ഉറപ്പിച്ച ജീവനക്കാർക്കും നിരാശയായിരുന്നു ഫലം. പക്ഷെ ക്ഷാമബത്തിയിലെ കുടിശ്ശിക ഉടൻ ലഭിക്കുമെന്നതില്‍ മാത്രമായി ആശ്വാസം. ഡിഎ കുടിശ്ശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കുന്നതും പെൻഷൻ കുടിശ്ശിക വിതരണവും വഴി 2500 കോടിയോളം രൂപ ജീവനക്കാർക്കും പെൻഷൻകാർക്കും വൈകാതെ കിട്ടും. പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമന്നാണ് അടുത്ത പ്രധാന പ്രഖ്യാപനം.

കേന്ദ്ര സർക്കാർ മാതൃകയും വിവിധ സംസ്ഥാനങ്ങളിലെ പുതിയ രീതികളും കണക്കിലെടുത്താകും മാറ്റം. ദിവസ വേതന കരാർ ജീവനക്കാരുടെ വേതനം 6 ശതമാനം കൂട്ടും. ലൈഫ് മിഷൻ വഴി ഗ്രാമീണ മേഖലയില്‍ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയഹ്ങളും പണിയും. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 4219.41 കോടി. കോവളം, മൂന്നാർസ കുമരം, ഫോർട്ട് കൊച്ചി എന്നിവടങ്ങളിലെ ഒഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച്‌ കെ ഹോംസ് ടൂറിസം പദ്ധതി നടപ്പാക്കും. മുതിർന്ന പൗരന്മാർക്ക് പുതു സംരഭം തുടങ്ങാൻ ന്യൂ ഇന്നിംഗ്സ് പദ്ധതി നെല്‍കൃഷിക്ക് 150 കോടി, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് 2063 കോടി, പഴഞ്ചൻ സർക്കാർ വാഹനങ്ങള്‍ മാറ്റാൻ 100 കോടി, തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടിയുടെ പാക്കേജ്, വന്യമൃഗ ആക്രമണം നേരിടാൻ 75 കോടി എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.

വയനാട് പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്‌പോണ്‍സർഷിപ്പ് അടക്കം പുറമെനിന്നുള്ള സഹായങ്ങള്‍ ഉപയോഗിക്കും. വിഴിഞ്ഞത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമാക്കും. തുറമുഖനിർമാണം 2028ല്‍ പൂർത്തിയാക്കും. തെക്കൻ കേരളത്തില്‍ കപ്പല്‍ശാല തുടങ്ങാൻ കേന്ദ്രസഹകരണം തേടും.

Related News