കേരളത്തില്‍ പ്രതിവര്‍ഷം ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ഇടിവ്, ആശങ്കപ്പെടുത്തുന്ന കണക്കെന്ന് ബജറ്റില്‍ ധനമന്ത്രി

  • 07/02/2025

കേരളത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ല്‍ കേരളത്തില്‍ 3.48 കുഞ്ഞുങ്ങളാണ് ജനിച്ചത്. 2014-ല്‍ ഇത് 5.34 ലക്ഷമായിരുന്നു. ഇരുപത് വർഷം മുൻപ് 6 ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കുട്ടികളുടെ എണ്ണം പാതിയായി കുറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനസംഖ്യാ പരിണാമവുമായി കൂട്ടിച്ചേർത്തുവേണം കേരളത്തില്‍ നിന്നും പുറത്തേക്കുള്ള കുടിയേറ്റത്തെയും കാണാനെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. എല്ലാത്തരം പ്രവാസത്തെയും കണ്ണുമടച്ച്‌ പ്രോത്സാഹിപ്പിക്കുന്ന സമീപനം തിരുത്തേണ്ടതുണ്ട്. കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ പോലും ക്ഷാമം അനുഭവപ്പെടുമ്ബോള്‍ കേരളീയർ വിദേശത്ത് ഒട്ടും അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളില്‍പ്പെട്ട് പണിയെടുക്കുന്ന സ്ഥിതിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

പ്രവാസം ഒട്ടേറെപ്പേർക്ക് വലിയ നഷ്ടക്കച്ചവടമായിത്തീരുന്ന അനുഭവമുണ്ട്. വിദേശത്തെ തൊഴില്‍ കമ്ബോളത്തെക്കുറിച്ച്‌ ശരിയായ ധാരണയില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനുകാരണം. വിദ്യാർത്ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് സെല്ലുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഇതിനൊരു പരിഹാരമെന്ന നിലയില്‍ ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്.

Related News