പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്

  • 07/02/2025

പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കേസ്. എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുലാമന്തോള്‍ തിരുനാരായണപുരം കുന്നുമ്മല്‍പ്പടി അനുപമ നല്‍കിയ പരാതിയിലാണ് വഞ്ചനാക്കുറ്റത്തിനും സാമ്ബത്തിക തട്ടിപ്പിനും കേസെടുത്തത്.

50 ശതമാനം തുക നല്‍കിയാല്‍ ലാപ്ടോപ്പ് നല്‍കാമെന്ന് എംഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെയും വാട്സ് ആപ്പിലൂടെയും പരസ്യം നല്‍കി വിശ്വസിപ്പിച്ച്‌ പണം വാങ്ങിയെന്നാണ് പരാതി. എംഎല്‍എ ഓഫീസില്‍ നേരിട്ടെത്തി 21,000 രൂപ കൈമാറിയത്, 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് ലഭിച്ചില്ലെന്നും പണം തിരിച്ചു നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

മുദ്ര ഫൗണ്ടേഷന്‍ വഴി മണ്ഡലത്തിലെ നൂറുകണക്കിന് പേരില്‍ നിന്ന് പണം കൈപ്പറ്റിയത്. പകുതി വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തിയ കേസില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച്‌ നടന്ന തട്ടിപ്പ് പുറത്തായത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, സൈക്കിള്‍ എന്നിവ പണമടച്ച്‌ 40 ദിവസത്തിനകം നല്‍കുമെന്നായിരുന്നു വാഗ്ദാനം. പണമടച്ചവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉല്‍പ്പന്നങ്ങള്‍ ലഭിച്ചില്ല. സമാന തട്ടിപ്പില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് ഗുണഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

Related News