ഐക്യമില്ലായ്മ തോല്‍വിയുടെ കാരണം, കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം; ദില്ലിയില്‍ 'താമര' വിരിഞ്ഞതില്‍ വിമര്‍ശനവുമായി സിപിഐ

  • 08/02/2025

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സി പി ഐ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോല്‍വിക്ക് കാരണമെന്നാണ് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വിമർശനം. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച്‌ കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു.

അതേസമയം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് ബി ജെ പി കടന്നു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ബി ജെ പി 46 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നത്. എ എ പിയാകട്ടെ 24 സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച് ദേവയുമായി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസാരിച്ചു.

ദില്ലി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ പാർട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് നദ്ദയോട് സംസാരിച്ച ശേഷം വീരേന്ദ്ര സച് ദേവ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയെ ബി ജെ പി പാർലമെന്‍ററി ബോർഡ് തീരുമാനിക്കുമെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും എ എ പിയുടെ പ്രധാന നേതാക്കളെല്ലാം തോല്‍ക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുണ്‍‌ സിംഗ് കൂട്ടിച്ചേർത്തു.

Related News