'ഡങ്കി' റൂട്ടിലൂടെ യുഎസ് അതിര്‍ത്തി കടക്കാൻ അപകട യാത്ര; ഗ്വാട്ടിമാലയില്‍ വച്ച്‌ ഹൃദയാഘാതം മൂലം ഇന്ത്യക്കാരൻ മരിച്ചു

  • 10/02/2025

അനധികൃത വഴിയിലൂടെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ പൗരൻ ഹൃദയാഘാതം മൂലം മരിച്ചു. പഞ്ചാബ് നിന്നുള്ള ഗുര്‍പ്രീത് സിംഗ് ഗ്വാട്ടിമാലയില്‍ വച്ചാണ് മരിച്ചതെന്ന് പഞ്ചാബിലെ എൻആർഐ കാര്യ മന്ത്രി കുല്‍ദീപ് സിംഗ് ധലിവാള്‍ അറിയിച്ചു. അമേരിക്കയിലേക്ക് കടക്കാൻ കുടിയേറ്റക്കാർ ഉപയോഗിക്കുന്ന പാതയായ 'ഡങ്കി' റൂട്ട് എന്നറിയപ്പെടുന്ന വഴിയിലൂടെ സഞ്ചരിച്ച സംഘത്തിലെ അംഗമായിരുന്നു ഗുര്‍പ്രീത് സിംഗ്.

യാത്രയ്ക്കായി 16.5 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ കുടുംബം ഏജൻ്റുമാർക്ക് നല്‍കിയതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് പഞ്ചാബില്‍ നിന്നുള്ള 30 പേർ ഉള്‍പ്പെടെ 104 ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് സൈനിക വിമാനത്തില്‍ നാടുകടത്തിയിരുന്നു.

അതേസമയം, തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായി നല്‍കണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി തിരിച്ചയക്കുന്ന 487 പേരില്‍ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നല്‍കിയത്. ബാക്കിയുള്ളവരുടെ വിവരങ്ങളും വേണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂർണമായ വിവരങ്ങള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. തിരിച്ചയക്കുന്നവരുടെ പശ്ചാത്തലം സംബന്ധിച്ച പരിശോധനകള്‍ പൂർത്തിയാക്കണം.

Related News