രാത്രി കത്തിയുമായി കറങ്ങിനടന്ന് കുത്തിവീഴ്ത്തിയത് 5 പേരെ; 26കാരനായി അന്വേഷണം ഊര്‍ജിതമാക്കി ബംഗളുരു പൊലീസ്

  • 11/02/2025

കത്തിയുമായി നഗരത്തില്‍ കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവർക്ക് രണ്ട് പേർക്കും കഴുത്തിലാണ് ആഴത്തില്‍ മുറിവേറ്റത്. 26കാരനായ യുവാവാണ് അഞ്ച് പേരെയും കുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇന്ദിരാനഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു ഭയാനകമായ സംഭവങ്ങള്‍ അരങ്ങേറിയത്. അഞ്ച് പേർക്ക് ഒരു രാത്രി തന്നെ കുത്തേറ്റതായി വാർത്തകള്‍ വന്നതോടെ, നഗരത്തില്‍ കൊലപാതകി കറങ്ങിനടക്കുന്നുവെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പറയുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളും പ്രചരിച്ചു. എന്നാല്‍ ഇത് തള്ളിയ പൊലീസ്, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അക്രമിയെ ഉടൻ തന്നെ പിടികൂടുമെന്നും അറിയിച്ചിട്ടുണ്ട്.

ജോഗുപാല്യ സ്വദേശിയായ കടംബ എന്ന 26കാരനാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയി. കഴിഞ്ഞ വർഷം ഒരു മൊബൈല്‍ ഫോണ്‍ മോഷണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം പിന്നീട് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ പിതാവും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് പറഞ്ഞു.

Related News