സൈന്യത്തിനെതിരെ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമൻസ്

  • 12/02/2025

ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച്‌ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ലഖ്‌നൗവിലെ പ്രത്യേക എംപി-എംഎല്‍എ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് പരാതി നല്‍കിയത്. മാർച്ച്‌ 24 ന് ഹാജരാകാനാണ് കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

2022 ഡിസംബർ 16 ന്, ഭാരത് ജോഡോ യാത്രയ്ക്കിടെ, ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ ഗാന്ധി അപമാനകരമായ പരാമർശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഇന്ത്യൻ സൈന്യത്തെ അപകീർത്തികരമായ പരാമർശങ്ങള്‍ ഗാന്ധി നടത്തിയെന്നും ഇത് ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 

അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളക്കാര്‍ അക്രമിച്ചെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ഇതിനെതിരെ സൈന്യം പ്രതികരിച്ചിരുന്നു. 2022 ഡിസംബർ 12ന് ഇന്ത്യൻ സൈന്യം ഔദ്യോഗിക വിശദീകരണവും പുറത്തിറക്കി. "ചൈനീസ് സൈന്യം അനധികൃതമായി അരുണാചല്‍ പ്രദേശില്‍ പ്രവേശിച്ചു, എന്നാല്‍ ഇന്ത്യൻ സൈന്യം ഉചിതമായി പ്രതികരിച്ചതിനാല്‍, അവരെ പിൻവാങ്ങിയെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. 

Related News