സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമവും വീഴ്ചയും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നെന്മാറ സംഭവത്തില്‍ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകളുടെ സമ്മേളനങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നത്. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണ്. ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടി. പൊലീസില്‍ മുഴുവൻ ഇടപെടല്‍ നടക്കുന്നു. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ചെറിയ വീഴ്ചകളെ പൊതുവല്‍ക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ ക്രമ സമാധാന നില ആകെ തകർന്നു എന്ന് വരുത്തരുത്. പ്രതിപക്ഷത്തിന് പൊള്ളുന്നുണ്ടല്ലോ. അതല്ലേ ഇങ്ങനെ ബഹളം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്ക് പൊള്ളുന്നുവെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏതു ഉദ്യോഗസ്ഥനായാലും നടപടി ഉണ്ടാകും. നെന്‍മാറ സംഭവത്തിന്‍റെ പേരില്‍ പൊലീസിന് ആകെ വെളിവില്ലാതായി എന്ന പ്രചരിപ്പിക്കരുത്. പൊലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ ഷംസുദീനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?