പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയതില്‍ രാജ്യത്തിൻ്റെ രോഷം അറിയിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാൻ ഇന്ത്യ സ്വന്തം വിമാനങ്ങള്‍ അയക്കുമോ, ഗാസ ഏറ്റെടുത്ത് ടൂറിസ്റ്റു കേന്ദ്രമാക്കും എന്ന ട്രംപിൻറെ വിചിത്ര വാദത്തിനെതിരെ പ്രതിഷേധം അറിയിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.
എച്ച് വണ്‍ ബി വിസ, പാരീസ് ഉടമ്ബടിയില്‍ നിന്നുള്ള പിൻമാറ്റം എന്നിവയില്‍ മോദി എന്തു നിലപാട് എടുക്കുമെന്നറിയാൻ കാത്തിരിക്കുന്നു എന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. അമേരിക്കയില്‍ മോദിയെ അനുഗമിക്കുന്ന സംഘത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ നേരത്തെ ഡോവലിന് അമേരിക്കൻ കോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ തവണ നരേന്ദ്ര മോദി അമേരിക്കയില്‍ എത്തിയപ്പോള്‍ ഡോവല്‍ സംഘത്തില്‍ നിന്ന് മാറി നിന്നിരുന്നു.
രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി വാഷിംഗ്ടണിലെത്തിയിരിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്‌മള വരവേല്‍പ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയർ ഹൗസിന് മുന്നില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?