യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയില്‍ ഉന്നയിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടി നല്‍കി കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ്. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്ക്ക് പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകൻറെ സഹായം വിദേശകാര്യമന്ത്രാലയ ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷൻ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാൻ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാൻ രണ്ടു കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറാൻ വിഷയത്തില്‍ ഇടപെടുന്നുണ്ടോ എന്ന ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി മറുപടി നല്‍കിയില്ല. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അനാവശ്യ ചർച്ചകള്‍ നിമിഷപ്രിയയുടെ മോചനത്തെ ബാധിക്കുമെന്നും വിദേശകാര്യസഹമന്ത്രി തിരിച്ചടിച്ചു. അതേസമയം, കേന്ദ്രം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമർശിച്ചു. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയം എന്നാണ് നല്‍കിയ മറുപടി. കേന്ദ്ര സർക്കാർ വിഷയത്തില്‍ കയ്യൊഴിഞ്ഞിരിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?