'എല്‍ഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുത്', പേര് പരാമര്‍ശിക്കാതെ ശശി തരൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി

  • 15/02/2025

ശശി തരൂര്‍ എംപിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്തു പറയാതെയാണ് മുഖ്യമന്ത്രി ലേഖനത്തെ പുകഴ്ത്തി പറഞ്ഞത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടരഞ്ഞിയില്‍ മലയോര ഹൈവെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു മുഖ്യമന്ത്രിയുെട പരാമര്‍ശം.

ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന്, വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട്, സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐടി രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താല്‍ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമര്‍ശിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരസ്യമായി പറയുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അര്‍ഹതയില്ലെന്ന് ഇവര്‍ പറയുന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News