'ഇന്ത്യക്കാരെ വിലങ്ങണിയിച്ചത് ക്രൂരം, ലജ്ജാകരം'; രൂക്ഷവിമര്‍ശനവുമായി ഉമാ ഭാരതി

  • 15/02/2025

അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയും അണിയിച്ച്‌ കൊണ്ടുവന്ന സംഭവം ക്രൂരവും ലജ്ജാകരവുമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി.

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 പേരടങ്ങിയ ആദ്യസംഘത്തെ ഫെബ്രുവരി അഞ്ചിനാണ് പഞ്ചാബിലെ അമൃത്സര്‍ സൈനിക വിമാനത്താവളത്തില്‍ ഇറക്കിയത്. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമായി ശുചിമുറിയില്‍ പോകാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു ഇവര്‍. യുഎസ് വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനം അമൃത്സറിലെത്തിയതിന് ശേഷം മാത്രമാണ് ഇവരുടെ കൈകാലുകള്‍ മോചിപ്പിച്ചത്. ഇതിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ത്യക്കാരെ വിലങ്ങുകള്‍ അണിയിച്ച്‌ അമേരിക്ക തിരിച്ചയച്ച രീതി അപലപീനയമാണെന്ന് ഉമാഭാരതി എക്‌സില്‍ കുറിച്ചു. ഇത് അങ്ങയേറ്റം ലജ്ജാകരവും മനുഷ്യത്വത്തിന് തീരാക്കളങ്കവുമാണ്. റെഡ് ഇന്ത്യക്കാരോടും അവിടെ താമസിക്കുന്ന ആഫ്രിക്കന്‍ വംശജരോടും അമേരിക്കന്‍ സര്‍ക്കാരുകള്‍ ഇത്തരം മനോഭാവം പലതവണ കാണിച്ചിട്ടുണ്ടെന്നും ഉമാഭാരതി പറഞ്ഞു. നാടുകടത്തപ്പെട്ടവരുടെ കൈകാലുകള്‍ ബന്ധിപ്പിക്കുന്നത് അമേരിക്കന്‍ ഭരണകൂടത്തിന്റെ ക്രൂരതയും മനുഷ്യത്വമില്ലായ്മയുമാണ് കാണിക്കുന്നത്. 'നിയയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്നത് കുറ്റകൃത്യമാണ്, ഓരോ രാജ്യത്തിനും നിയമപ്രകാരം ശിക്ഷിക്കാനുള്ള വ്യവസ്ഥകളുണ്ട്, പക്ഷേ ഇത്തരം ക്രൂരത പാപമാണ്'- ഉമാഭാരതി പറഞ്ഞു.

Related News