'നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം; ലേഖനം സ്റ്റാര്‍ട്ടപ്പ് വികസനത്തെക്കുറിച്ച്‌; തെറ്റു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം'

  • 16/02/2025

തന്റെ ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച്‌ മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു.

ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടു വരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയ്യാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്ബ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്' എന്ന അന്താരാഷ്ട്ര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ പറയുന്നത് പ്രകാരമാണ് ലേഖനം എഴുതിയത്. സ്റ്റാര്‍ട്ടപ്പ് വിഷയത്തെക്കുറിച്ചാണ് ലേഖനത്തില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇനിഷ്യേറ്റീവ് എടുത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപിച്ചത്. 2014 ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിച്ചത്.

അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ പല കാര്യങ്ങളും ചെയ്തിരിക്കുന്നത്. നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം എന്നതാണ് തന്റെ നിലപാട് എന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തില്‍ കേരളത്തിലെ സാമ്ബത്തിക രംഗത്തെക്കുറിച്ച്‌ മൊത്തം എഴുതിയിട്ടില്ല. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച്‌ മാത്രമാണ് എഴുതിയിട്ടുള്ളത്. ഇംഗ്ലീഷ് വായിക്കാന്‍ അറിയാവുന്നവര്‍ക്ക് അത് വായിച്ചാല്‍ മനസ്സിലാകും.

Related News